Animated Gif Animated Gifs | http://www.gifluv.com/

everbestblog
----------------------- വായിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ "അ" യിൽ ക്ലിക്കി ഫോണ്ട്സൈസ് ക്രമീകരിക്കാം.

125 ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി



അകലെ …… അകലെ …. ആരോ പാടും 
ഒരു നോവ്‌ പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍ ഓര്‍ത്തു പോവുന്നു ഞാന്‍..."

മനസ്സിനെ ആർദ്രമാക്കുന്ന റിംഗ്ടോണിനൊപ്പം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു, സാധിക കാളിംഗ്. പച്ച ബട്ടണിൽ വിരലമർത്തുന്നതിനോടൊപ്പം തന്നെ സാഗറിന്റെ നോട്ടം മേശപ്പുറത്തിരുന്ന ടൈം പീസിലേക്കും പാളിവീണു. 11.30pm. സാഗർ ഫോൺ കാതോടു ചേർത്തു. 

"ഉറങ്ങിയില്ലേ മോളേ..”

“ഇല്ല സാഗൂ.. ‘മരുഭൂമിയിലെ പൂക്കാല‘ത്തിനു വന്ന കമന്റ്സ് വായിക്കുകയായിരുന്നു. എല്ലാത്തിനും മറുപടി എഴുതിക്കഴിഞ്ഞപ്പോഴേക്കും വൈകി. സാഗു ഉറങ്ങിയിരുന്നോ”

“ആ.. ചെറുതായൊന്നു മയങ്ങി.. സാധൂന്റത്ര ബിസിയൊന്നുമല്ലല്ലോ ഞാൻ. പോസ്റ്റിട്ട അന്നു തന്നെ നൂറിനു മേൽ കമന്റ് വരാൻ ഞാൻ ബ്ലോഗ് എഴുതുന്നത് പെൺപേരിലുമല്ല.”

"അപ്പോൾ എന്റെ ബ്ലോഗിൽ കമന്റ് വരുന്നത് ഞാൻ പെണ്ണായതു കൊണ്ടു മാത്രമാണെന്നാണോ സാഗു പറഞ്ഞു വരുന്നത്..” സാധികയുടെ ശബ്ദത്തിൽ പരിഭവം കലർന്നിരുന്നു.

“അയ്യോ പിണങ്ങല്ലേ മോളൂ.. ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്റെ സാധൂന്റത്ര കഴിവുള്ള ഒരു എഴുത്തുകാരി വേറെ ആരുണ്ട്..”

“ഒന്നു പോ സാഗൂ.. ചുമ്മാ കളിയാക്കാതെ. അതൊക്കെ പോട്ടെ, ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ. നാളത്തെ ബ്ലോഗ് മീറ്റിനു ഞാനുണ്ടാവില്ല.. അമ്മ എന്തൊക്കെ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല. നേരിൽ കാണാൻ നമുക്ക് മറ്റൊരവസരം വരെ കാത്തിരിക്കേണ്ടി വരും.”

സാധികയുടെ അപ്രതീക്ഷിതമായ ഫോൺകാൾ മനസ്സിലുണർത്തിയ ആവേശവും ഉത്സാഹവുമെല്ലാം ഒറ്റ നിമിഷം കൊണ്ടില്ലാതായത് സാഗർ അറിഞ്ഞു. സാരമില്ല, അവളെ കൂടി വിഷമിപ്പിക്കേണ്ട.

“പോട്ടെ സാധൂ.. നമുക്ക് പിന്നീടെപ്പോഴെങ്കിലും കാണാം. എന്റെ കാര്യത്തിൽ ഇനിയൊരു കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടും പ്രസക്തിയില്ല. നിന്റെ മനസ്സിന്റെ ഓരോ കോണുകളും എനിക്കിപ്പോൾ മന:പ്പാഠമാണ്. എന്റെ വധുവാക്കാൻ ഞാൻ തേടിക്കൊണ്ടിരുന്ന പെൺകുട്ടി തന്നെയാണു നീ.. നിന്റെ ഒരൊറ്റ വാക്കിന്റെ സമ്മതം, അതിനാണു ഞാൻ കാത്തിരിക്കുന്നത്. നാളെത്തന്നെ വീട്ടിൽ പെണ്ണു ചോദിച്ചു വരാൻ ഞാൻ റെഡിയാണ്..”

“വരട്ടെ സാഗൂ. നേരിട്ടു കൂടി മനസ്സിലാക്കിയിട്ടേ ഒരു തീരുമാനം പറയാൻ കഴിയൂ എന്നു ഞാൻ ആദ്യമേ പറഞ്ഞതല്ലേ. ഇന്റർനെറ്റിനെയൊന്നും ഒരു പരിധി വിട്ട് വിശ്വസിക്കരുതെന്ന് ദിനംപ്രതി എന്നവണ്ണം ഓരോ പത്രവാർത്തകളും അനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നില്ലേ.. സാഗൂനോടുള്ള അവിശ്വാസം കൊണ്ടല്ലട്ടോ.. എനിക്കു പേടി ഈ കാലത്തേയാ..”

സാധികയുടെ ഈ ദീർഘവീക്ഷണം എന്നും സാഗറിൽ മതിപ്പേ ഉണ്ടാക്കിയിട്ടുള്ളൂ. ഒരു സാധാരണ പെൺകുട്ടിയേയല്ല സാധിക; വ്യത്യസ്തമായ ചിന്താഗതിയുള്ള,സ്വന്തമായി അഭിപ്രായമുള്ള എന്തുകൊണ്ടും നൂറിൽ നൂറു മാർക്കും കൊടുക്കാവുന്ന ഒരു വ്യക്തിത്വത്തിനുടമ. ചാറ്റിൽ ഇടക്കിടെ വന്നു പോയിരുന്ന, സിനിമാതാരം നന്ദിനിയുടെ പടം പ്രൊഫൈൽ ഫോട്ടോയായി ഗൂഗിൾ ടോക്കിൽ ഉപയോച്ചിരുന്ന, സാധികാ വർമ്മ എന്ന പെൺകുട്ടി ആദ്യമൊന്നും സാഗറിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.കൃത്യമായി പറഞ്ഞാൽ ‘സർഗ്ഗസാധകം’ എന്ന അവളുടെ ബ്ലോഗ് വായിക്കുന്നതു വരെയും.

1200 ഫോളോവേഴ്സ് ഉള്ളൊരു ബ്ലോഗ്, അതും വളരെ കുറഞ്ഞ കാലയളവിൽ. ബ്ലോഗെഴുത്ത് തുടങ്ങി അഞ്ച് വർഷം തികഞ്ഞിട്ടും ഫോളോവേഴ്സിന്റെ എണ്ണത്തിൽ മൂന്നക്കം തികച്ചിട്ടില്ലാത്ത സാഗറിനെ പോലൊരു ബ്ലോഗർ ഞെട്ടിയതിൽ അതിശയമെന്തെന്നു വെയ്ക്കാം. എഴുതുന്നത് പെണ്ണല്ലേ ; ആയിരമല്ല, രണ്ടായിരം വായനക്കാർ വേണമെങ്കിലും ഉണ്ടാകും എന്ന സാഗറിന്റെ വിശ്വാസത്തിനേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു ‘സർഗ്ഗസാധകം’. സാധാരണ പൈങ്കിളി പെൺബ്ലോഗുകളിൽ നിന്ന് തീർത്തും വ്യത്യസ്തതയാർന്നതാണ് സാധികയുടെ ബ്ലോഗ്. ഒരു വർഷം കൊണ്ട് തന്നെ അൻപതിലധികം പോസ്റ്റുകളെങ്കിലും വിഭിന്നമായവ, ഒന്നു പോലും മറ്റൊന്നിനോട് സാദൃശ്യം തോന്നാത്തവ, ഒരു യഥാർത്ഥ എഴുത്തുകാരിയുടെ കയ്യടക്കം തൊട്ടറിയാൻ കഴിയുന്നവ. 

സർഗ്ഗസാധകത്തിലെ ഓരോ പോസ്റ്റുകൾ വായിക്കും തോറും സാധികയോടു തോന്നിയ കൌതുകം  സാഗറിൽ ആരാധനയായി വളരുകയായിരുന്നു. സാധികയുടെ ചാറ്റ് ബോക്സിലെ സ്ഥിരം അതിഥിയായി മാറി സാഗർ. എഴുത്തിൽ കണ്ട വ്യത്യസ്തതകൾ സാധിക എന്ന വ്യക്തിയിലുമുണ്ടെന്നു തോന്നിയപ്പോൾ ആരാധന പ്രണയമായി മാറാൻ അധികം നാളെടുത്തില്ല.  സാഗറിനെ നന്നായി മനസ്സിലാക്കിയ ശേഷം തീരുമാനം അറിയിക്കാം എന്നായിരുന്നു അവന്റെ പ്രണയാഭ്യർത്ഥനയോട് സാധികയുടെ പ്രതികരണം.

സാധികയെ ഒന്നു കാണാനുള്ള ആഗ്രഹം സാഗർ നെഞ്ചേറ്റിയിട്ട് മാസങ്ങളായി. മോഹസാക്ഷാത്കാരത്തിനായി നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു അവൻ ഇതുവരെയും. പക്ഷേ, നാളെ സാഗർ പോകുന്നത് സാധികയില്ലാത്ത ബ്ലോഗ് മീറ്റിനാണ്.

*******
ഉദ്ഘാടനപ്രസംഗവും സ്വയം പരിചയപ്പെടുത്തലുകളും, ബ്ലോഗ് മീറ്റിന്റെ ആദ്യഘട്ടം കഴിഞ്ഞു. ‘സാഗരം’  എന്ന ബ്ലോഗിന്റെ ഉടമയായ സാഗറിനെ അറിയുന്നവർ കുറവായിരുന്നു. ഏറ്റവുമടുത്തറിയുന്ന ആൾ വന്നിട്ടുമില്ലല്ലോ.. സാഗർ മനസ്സിലോർത്തു.

സാധികയുമൊത്ത്  ഈ ദിവസം എങ്ങനെ ചിലവഴിക്കണം എന്ന് കണക്കുകൾ കൂട്ടിയും കുറച്ചും നടക്കുകയായിരുന്ന ദിവസങ്ങളിൽ സാഗർ ഒരു പ്രധാനകാര്യം വിട്ടു പോയിരുന്നു. ബ്ലോഗിലെ കഥാകാരുടെ ഏറ്റവും മികച്ച കഥകൾ കോർത്തിണക്കി പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിലേക്ക് സമർപ്പിക്കാൻ വേണ്ടി സ്വന്തം കഥകളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ. ആരോടാണൊന്നു ചോദിക്കുക.. വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുന്നു ഓരോ മുഖങ്ങളും കാണുമ്പോൾ. ഒരിക്കൽ കൂടി ആശിച്ചു പോയി അവൻ; സാധിക വന്നിരുന്നെങ്കിൽ......

അപ്പോൾ മാത്രമാണ് സാഗർ ശൈലനെ കണ്ടത്. കോളേജ് വിട്ടതിനു ശേഷം ആദ്യമായാണു അവർ തമ്മിൽ കണ്ടുമുട്ടുന്നത്. ഇവനാണോ ‘ഹിമശൈല’ത്തിന്റെ ഉടമ!! സാഗർ ആശ്ചര്യപ്പെട്ടു. സൗഹൃദസംഭാഷണങ്ങൾക്കു ശേഷം ബ്ലോഗായി അവരുടെ സംസാരവിഷയം. 

“ശൈലാ നീ സാഗരം വായിക്കാറുണ്ടായിരുന്നോ?”

"ഉവ്വെടാ.. പക്ഷേ നീയാണ് ആ സാഗർ എന്നു ഇപ്പോഴല്ലേ അറിയുന്നത്..”

“എടാ.. അതിൽ നിനക്ക് ഏറ്റവും ഇഷ്ടമായ കഥ ഏതാണ്? കഥാസമാഹാരത്തിലേക്ക് ഒരു കഥ കൊടുക്കേണ്ടേ..”

"അങ്ങനെ ചോദിച്ചാൽ.... ഇതുവരെ എഴുതിയതിൽ വെച്ച് നിനക്ക് ഏറ്റവും സംതൃപ്തി നേടിത്തന്ന കഥ ഏതാണ്? “


സാഗറിന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിടർന്നു. 
"ഒരു കഥ എഴുതിത്തീർന്നപ്പോൾ മാത്രമേ എനിക്കങ്ങനെ തോന്നിയിട്ടുള്ളൂ.. ഇത് തന്നെയാണെന്റെ മാസ്റ്റർപീസ് എന്ന്. പക്ഷേ ആ കഥ ഇവിടെ കൊടുക്കാൻ പറ്റില്ല..”


“അതെന്താടാ അങ്ങനെ?“ ശൈലനു കൌതുകമായി.


സാഗർ ഒരു നിമിഷം ചിന്തിച്ചു. “ നിന്നോടായതു കൊണ്ടു പറയാം. ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട്. അവൾക്കും എന്നെ വളരെ ഇഷ്ടമാണ്. പക്ഷേ നെറ്റിൽ കൂടെയുള്ള പരിചയം മാത്രം മുൻ നിർത്തി ഇഷ്ടം തുറന്നു പറയാനൊരു പേടി.. ഒരു കഥാകാരന്റെ മനസ്സും അവന്റെ കാഴ്ച്ചപ്പാടുകളുമൊക്കെ കഥകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാമല്ലോ. അതിനായി തനിക്കു വേണ്ടി മാത്രം ഒരു കഥ എഴുതിക്കൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. അന്നു ഞാനെഴുതിയ കഥയേക്കാൾ  മികച്ച ഒരെണ്ണം എനിക്കിന്നോളം എഴുതാൻ കഴിഞ്ഞിട്ടില്ല. കഥ വായിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, ഇത് തീർച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ട കഥ തന്നെയാണെന്ന്.”


"അതു കൊള്ളാമല്ലോ.. അവൾ മാത്രം വായിച്ചാൽ മതി എന്ന് എഴുതുമ്പോൾ തീരുമാനിച്ചിരുന്നതു കൊണ്ടാണോ നീയത് പ്ബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കാത്തത്? “


"അതല്ലെഡാ.. എന്റെ ബ്ലോഗിനേക്കാൾ വായനക്കാർ അവളുടെ ബ്ലോഗിലായതിനാൽ ഞാനത് സർഗ്ഗസാധകത്തിലാണു പബ്ലിഷ് ചെയ്തത്..”


“സാധികയുടെ ബ്ലോഗിലോ..“ ശൈലൻ ഞെട്ടിത്തരിച്ചു പോയി.


“എടാ.. ആ ബ്ലോഗിലെ ശ്യാമാംബരം എന്ന കഥ എഴുതിയത് ഞാനാ.. ഇതേ കാരണങ്ങളൊക്കെ തന്നെ പറഞ്ഞാ അവൾ എന്റെ കഥയും വാങ്ങിയത്” ഇക്കുറി ഞെട്ടിയത് സാഗർ ആയിരുന്നു. 


ഞെട്ടി വിറച്ച്, ശബ്ദിക്കാൻ  പോലുമാകാതെ പരസ്പരം നോക്കി നിന്ന അവരുടെ പന്തിയല്ലാത്ത ഭാവം കണ്ട് മറ്റൊരു ബ്ലോഗർ വിവരമന്വേഷിച്ചു. 
“ഞങ്ങളുടെ സൃഷ്ടികൾ ഒരു വഞ്ചകി പ്രണയം നടിച്ച് മോഷ്ടിച്ചു” 


കാര്യങ്ങൾ വിശദമായി അന്വേഷിച്ച ആ ബ്ലോഗറെ ബോധക്ഷയത്തിന്റെ വക്കോളമെത്തിക്കുന്നതായിരുന്നു, ശൈലനും സാഗറും പറഞ്ഞ കഥകൾ.  അയാളുടെ രചനയും സാധികയുടെ ബ്ലോഗിലുണ്ടായിരുന്നു!!!


പിന്നീട് അവർ നടത്തിയ അന്വേഷണങ്ങളിൽ സാധികയുടെ രചനകളിലെ വ്യത്യസ്തതയുടെ ഉറവിടങ്ങൾ കൂടുതൽ കൂടുതൽ വെളിപ്പെട്ടു വന്നു......


******



സാധികയുടെ പ്രൊഫൈലിലെ നന്ദിനിയുടെ ചിരിക്കുന്ന മുഖം നോക്കിയിരിക്കുകയായിരുന്നു സാഗർ. ദേഷ്യവും അമർഷവും ആ മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. 
'കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം‘ 
എത്ര പരമാർത്ഥമായ വരികളാണതെന്നു ശരി വച്ചു കൊണ്ട് സാഗർ ബ്ലോഗർ ഡാഷ്ബോർഡ് ഓപ്പൺ ചെയ്തു. സാഗർ എന്ന പേരു എഡിറ്റ് ചെയ്ത് സാഗർ കോട്ടപ്പുറം എന്നാക്കുമ്പോൾ അവന്റെ മനസ്സിൽ സാധികയ്ക്ക് ഒരു യക്ഷിയുടെ പരിവേഷമായിരുന്നു. എഴുത്തുകാരന്റെ ചോരയും നീരുമായ സർഗ്ഗാത്മകതയെ ഊറ്റിക്കുടിക്കുന്ന യക്ഷി! 

ബ്ലോഗിൽ അതുവരെ എഴുതിയിരുന്നതെല്ലാം ഡിലീറ്റ് ചെയ്ത് സാഗർ പുതിയ പോസ്റ്റിന്റെ തലക്കെട്ട് ടൈപ്പ് ചെയ്തു.. “ഒരു ഗസറ്റഡ് ബ്ലോഗ് യക്ഷി“


[തുടർന്നു വായിക്കുക...]


84 സർപ്പക്കാവ്





ഇറ്റു തേനിൽ ചാലിച്ചെടുക്കാം
വാക്കുകൾ..
ചുണ്ടിൽ പകരുമീ വിഷത്തിന്റെ
കയ്പ്പു നീ അറിയാതിരിക്കാൻ..
ഒരു ചുംബനത്തിന്റെ ആലസ്യത്തിൽ 
നീ മിഴി പൂട്ടുമ്പോൾ 
ഒരു കരിനാഗമായി
ഞാൻ നിന്നിൽ പടരാം...
ഈ മധുരാനുഭൂതികളുടെ കയ്പ്പ്
നീയറിയുമ്പോഴേക്കും
നാഗത്തറയിലേക്ക് ഞാൻ മടങ്ങിപ്പോകും..
കാതോരം കൊഞ്ചുന്ന
തേന്മൊഴികൾക്കു പകരം
ശാപവചനങ്ങൾ ഇടിത്തീ പോലെ 
വീഴുമ്പോൾ,
മുത്തശ്ശിയുടെ വാക്കുകൾ നീ
തേങ്ങലോടെ ഓർക്കും..
നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..







[തുടർന്നു വായിക്കുക...]


58 സ്വാതന്ത്ര്യദിനം



രാവിലെ ടിവിയിൽ പതാകയുയർത്തുന്നതിന്റെ തൽസമയസംപ്രേഷണം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞുമോൻ ചോദിച്ചത്.


" അച്ഛാ.. ഇവർക്ക് ഈ പതാകയുയർത്തുന്നതിനു പകരം ഒരു പ്രാവിനെ പറത്തി വിട്ടാൽ പോരേ?”

“അതെന്താ മോനേ?" അച്ഛൻ ചോദിച്ചു.

“പ്രാവ് സമാധാനത്തിന്റെ പ്രതീകമാണല്ലോ..”

കുഞ്ഞുമോന്റെ മറുപടി കേട്ട് അച്ഛൻ ചിരിച്ചു. പിന്നെ സായുധധാരികളായി നിൽക്കുന്ന പോലീസുകാരെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

“അതാ നോക്കൂ.. ക്രമസമാധാനത്തിന്റെ ഡ്യൂട്ടി അവർക്കാണ്. സമാധാനം പാലിക്കപ്പെടാൻ വേണ്ടി എന്തു ചെയ്യാനും ഇന്നവർക്ക് അധികാരമുണ്ട്. വെടിയുതിർക്കാൻ വരെ..”

“സമാധാനത്തിനു വേണ്ടി വെടി വെക്ക്വേ???”

കുഞ്ഞുമോൻ ഞെട്ടി. പത്തുവയസ്സിനു തീരെ ചേരാത്ത ആ മുഖഭാവം കണ്ട് അച്ഛൻ  ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

“അല്ല, പതാകയ്ക്കെന്താ മോനേ കുഴപ്പം?"

“ഇതു കണ്ടാൽ സ്വതന്ത്രപതാകയെ ഒരു തൂണിൽ പിടിച്ചു കെട്ടിയിട്ട പോലുണ്ട്..”

" ഹ..ഹ..ഹ..”  ഇത്തവണ അച്ഛനു ചിരിയടക്കാനായില്ല.

“സ്വാതന്ത്ര്യത്തിനെ അങ്ങനെ പറത്തി വിടാമോ മോനേ..  അങ്ങനെ ചെയ്താലതു നമ്മുടെ കൈവിട്ടു പോകും..” 

തമാശയായാണു പറഞ്ഞതെങ്കിലും അതിന്റെ ആന്തരാർത്ഥങ്ങളോർത്ത് അച്ഛൻ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല.

അൽ‌പ്പസമയം ചിന്താകുലനായിരുന്ന ശേഷം കുഞ്ഞുമോൻ വീണ്ടും ചോദിച്ചു.

"അച്ഛാ.. ബ്രിട്ടീഷുകാർ അധികാരം തിരിച്ചു നൽകി എന്നു പറഞ്ഞാൽ ഇന്ത്യ സ്വതന്ത്രമായി എന്നു പറയാമോ? സ്വാതന്ത്ര്യം എന്നാൽ അധികാരമാണോ?”

“പിന്നേ.. അധികാരികൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ..”

ഇവനു വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു അപ്പോൾ അച്ഛന്റെ ആത്മഗതം
.
“അധികാരികൾക്കു മാത്രമോ... അപ്പോൾ ഇന്ത്യക്കാർക്കില്ലേ? സത്യത്തിൽ ആരാണച്ഛാ സ്വതന്ത്രരായത്? സ്വാതന്ത്ര്യദിനം എന്നതിനു പകരം അധികാരദിനം എന്നു പറഞ്ഞു കൂടെ?”

“ഒരു ദിവസം ഒഴിവു കിട്ടിയാൽ ടിവിക്കു മുന്നിൽ ചടഞ്ഞിരുന്നോളും.. പോയി പഠിക്കെടാ...”

അച്ഛന്റെ ശബ്ദത്തിന്റെ ടോൺ മാറിയതു കണ്ട് കുഞ്ഞുമോൻ പതുക്കെ എഴുന്നേറ്റു. ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല.

“സ്വാതന്ത്ര്യദിനമാണത്രെ!! എനിക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല!!! അച്ഛനല്ലേ സ്വാതന്ത്ര്യം! അല്ല, അധികാരം!!!!!“

മുറിയിലേക്ക് നടക്കുമ്പോൾ കുഞ്ഞുമോൻ പിറുപിറുക്കുന്നുണ്ടായിരുന്നു.

[തുടർന്നു വായിക്കുക...]


54 അയനം



വാക്കിന്റെ ചില്ലയിൽ
ഇപ്പോൾ പൂ വിടരാറില്ല..
വാടാത്ത പൂക്കൾ വിടരാറുള്ളൊരീ
ചില്ലകളിലിനി
കവിതയുടെ മൊട്ടുകളില്ല..
അക്ഷരരൂപത്തിലുള്ള
തളിരിലകളിലിപ്പോൾ
കട്ടപിടിച്ച ചോരയുടെ പാടുകൾ
തെളിഞ്ഞു കാണാം
പൂ പറിക്കാൻ നീണ്ടൊരാ
കുഞ്ഞു വിരലുകൾ
മുള്ളു കൊണ്ടു മുറിയുന്നു..
ഒരു തുള്ളി രക്തം കൂടി കിനിഞ്ഞിറങ്ങി
ഇലകൾ വീണ്ടും ചുവക്കുന്നു..
ഇനിയീ പൊയ്മുഖത്തിന്റെ ശവദാഹവും
സ്മാരക ശിലയിലെ 
എന്റെ പേരിനും ജനനത്തീയതിക്കും താഴെ
മരണത്തിന്റെ തീയതിയും
ഒരു പുനർജനിയുടെ സമയവും 
കുറിക്കാൻ കൂടി
വേണമെനിക്കീ
അക്ഷരപ്പൂമരത്തിന്റെ തണല്...
പൊന്മേഘങ്ങളെല്ലാം 
കണ്ണുകളിൽ നിന്നു
മാഞ്ഞു പോകുന്നു.
പുതുവെളിച്ചം തിരിനീട്ടുന്ന 
മിന്നാമിനുങ്ങുകളോടൊപ്പം
ഞാൻ യാത്ര തുടങ്ങുന്നു.
[തുടർന്നു വായിക്കുക...]


53 ശബ്ദിക്കുന്ന ശവങ്ങൾ




കഴുകനു അത്
ശവങ്ങൾ മാത്രമായിരുന്നു
അവനിതെത്ര കണ്ടതാ!
കൊത്തിവലിക്കുന്ന ശരീരങ്ങൾക്ക്
ഒരേ രൂപമാണ്...
വാർന്നൊഴുകുന്ന രക്തത്തിനു
ഒരേ നിറവും...
കഴുകനറിയുന്നുണ്ടോ..?
അതൊരു ഹിന്ദുവെന്ന്..
ക്രിസ്ത്യനെന്ന്..
മുസൽമാനെന്ന്..
"ഞങ്ങൾ മനുഷ്യരാണ്.."
ശവങ്ങൾ ശബ്ദിക്കുന്നുവോ..?
[തുടർന്നു വായിക്കുക...]


62 കാത്തിരിപ്പിന്റെ ഈണം



"വരുവാനില്ലാരുമീ വിജനമാമെൻ
വഴിക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്
ഞാൻ വെറുതേ മോഹിക്കാറുണ്ടല്ലോ..."

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഹൃദയസ്പർശിയായ ഒരു ഗാനം. കാത്തിരിപ്പിന്റെ ആകാംഷയും അക്ഷമയും കവിതയുടെ സൗന്ദര്യമാക്കി മാറ്റിയ ആവിഷ്കാരം. എന്ന് വരുമെന്നറിയാത്ത അച്ഛനമ്മമാരെയാണ് സിനിമയിലെ നായിക കാത്തിരിക്കുന്നത്. എന്നാൽ സിനിമയിറങ്ങുന്നതിനും വളരെ മുൻപേ എഴുതപ്പെട്ട കവിതയിലെ നായിക ആരെയാണ് കാത്തിരിക്കുന്നത്? ഏറെ മധുരസ്മരണകൾ തന്ന് കടന്ന് പോയ ഒരു കാമുകനെയാവുമോ?
 

പനിയുടെ ആലസ്യം എന്നെ കിടക്കയിൽ തന്നെ തളച്ചിട്ട ഒരു ദിവസം മിന്നൽ പോലെ എന്നിലുണർന്ന ചിന്ത, "കാത്തിരിപ്പ്" എന്ന കവിതയായി അന്ന് രാത്രി എന്റെ ഡയറിത്താളിൽ ജന്മമെടുത്തു. പ്രണയവും വിരഹവും വഴിഞ്ഞൊഴുകുന്ന വരികൾക്ക് ഒരു പ്രത്യേക വശ്യതയും ചാരുതയുമുണ്ടെന്ന് ആദ്യമായി പറഞ്ഞത് കോളേജിലെ കൂട്ടുകാരാണ്. വളരെ സാധാരണമായ
ശൈലിയിലുള്ള ഒരു രചനയായിരുന്നിട്ടും എന്ത് കൊണ്ടോ അതവരുടെ പ്രിയപ്പെട്ട കവിതയായി.

മെയ് 13,2010 നു ഈ ബ്ലോഗിൽ "കാത്തിരിപ്പ്" പ്രസിദ്ധീകരിച്ചപ്പോഴും തരക്കേടില്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചത്. ബ്ലോഗിൽ കിട്ടിയ കമന്റസിനു പുറമേ ഈ മെയിൽ വഴിയും ചില വായനക്കാർ പ്രതികരണങ്ങൾ അറിയിച്ചു.
അടുത്തിടെ പ്രസിദ്ധീകരിച്ച എന്റെ മിഴിനീർപ്പൂക്കൾ എന്ന കവിത  വളരെ ഇഷ്ടമായെന്ന്  ഇനിയും പേരു വെളിപ്പെടുത്താത്ത ഒരു ഈ മെയിൽ സുഹൃത്ത് അറിയിച്ചിരുന്നു. അദ്ദേഹം ആ കവിത ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത് എനിക്കയച്ചു തന്നു. ആ വരികൾ താഴെ ചേർക്കുന്നു.


I am alone with my sadness
I cant oppose the destiny
I am standing alone and hopeless
Iam scared and painful about destiny

Oh lonely you are my tears
Those
tears accepted by the earth
The moon reflected to
my tiers In red light

my ways are alone and lonely
I am walking like a mad one..
I am the dearest of deep sadness
And collapsed with illusion..

Its not destiny or present life
Only the instability of mind
The sadness doesn’t leave
Never in my mind

You never blossoms for me
Like affected colored flowers
The destiny is stopped your blossoms
With his hard hand…

Now I am hiding in my mind
That unfrozen dreams..
I know you are desired for
Awake my mind like petals…

ആദ്യമായാണ് ഇങ്ങിനെയൊരു അനുഭവം. ഒരാൾ എന്റെ കവിത തർജ്ജിമ ചെയ്തിരിക്കുന്നു! അതിന്റെ സന്തോഷം അടങ്ങുന്നതിനു മുൻപാണ് ഇന്നലെ അപ്രതീക്ഷിതമായി എനിക്കൊരു ഈ മെയിൽ സന്ദേശം ലഭിച്ചത്, panicker Dr.N.S അങ്കിളിന്റേത്. "കാത്തിരിപ്പ്" കവിതയിലെ നാല് വരികൾക്ക് അദ്ദേഹം ഈണം പകർന്ന് ബ്ലോഗിൽ ചേർത്തിരിക്കുന്നത് കേട്ടു നോക്കാൻ ആവശ്യപ്പെട്ടു കൊണ്ടായിരിന്നു ആ മെയിൽ (അങ്കിളിന്റെ ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക). ആദ്യമായി എന്റെ വരികൾ ഈണം പകർന്ന് ഒരാളുടെ ശബ്ദത്തിൽ കേട്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. panicker അങ്കിളിനു ഒരു കോടി നന്ദി, കൂടാതെ മിഴിനീർപ്പൂക്കൾ ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത അജ്ഞാത സുഹൃത്തിനും.
[തുടർന്നു വായിക്കുക...]


55 ഭ്രാന്ത്



ഒഴുകാൻ മറന്നൊരു കടലാസുതോണി.. 
പൊട്ടിയ സ്ലേറ്റ് പെൻസിൽ.. 
വക്കു പൊട്ടിയ കണ്ണൻചിരട്ട.. 
ചിതറിയ വളപ്പൊട്ടുകൾ.. 
ഒരു പക്ഷിത്തൂവൽ.. 
എത്ര ശ്രമിച്ചിട്ടും, ഇവയെ
 കുടിയൊഴിപ്പിക്കാനാവാഞ്ഞതിനാൽ 
ഞാനെന്റെ മനസ്സിനെ ചില്ലുകൂട്ടിലാക്കി 
പുരാവസ്തുപ്രദർശനശാലയിലേക്കയച്ചു. 
ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിനുള്ളിൽ 
പുതിയൊരു റോബോട്ട് ജന്മമെടുത്തു.. 
അന്നുമുതൽ, എന്റെ ലോകവും 
യാന്ത്രികതയുടേതായി.. 
അന്നുതന്നെയാണ്, 
ഞാൻ പൂർണ്ണസുഖം പ്രാപിച്ചുവെന്ന് 
ഭ്രാന്താശുപത്രിയിലെ ഡോക്ടർമാർ
സ്ഥിരീകരിച്ചതും! 
[തുടർന്നു വായിക്കുക...]


69 പ്രകൃതിയുടെ പ്രണയഭാവങ്ങള്‍



അവര്‍ പ്രണയിക്കുകയായിരുന്നു;വാനവും നദിയും 
അവള്‍- വാനത്തിനു താഴെ നിലയ്ക്കാതെ ഒഴുകുന്നു.
അവന്റെ കാല്‍ക്കല്‍, സ്നേഹത്തിന്റെ കണ്ണീരണിഞ്ഞ അഭ്യര്‍ത്ഥന പോലെ 
അവനൊരു മഴയായ്‌ പെയ്യുന്നതും കാത്ത്‌ നിശബ്ദയായവള്‍ വീണ്ടും ഒഴുകി.
കാറ്റിന്റെ താളത്തില്‍ വാനമവളോടെന്തോ  സംസാരിക്കുന്നു;
ഒഴുക്കിന്റെ സംഗീതത്തില്‍ അവളുടെ ആത്മാവതിനു മറുപടിയേകുന്നു.
നദിയാം വധുവിനെ നോക്കിയിരുന്നെങ്കിലും അവന്‍,അവള്‍ക്കു തീണ്ടാപ്പാടകലെയായിരുന്നു.
നിസ്സഹായതിയിലും,അവളുടെ ഒഴുക്കിനെ നിയന്ത്രിച്ചിരുന്നത് അവന്റെ അദൃശ്യസാമീപ്യമായിരുന്നു.
തെളിനീരായ്‌ ഒഴുകിയിരുന്നത്‌ അവളുടെ കണ്ണുനീരായിരുന്നു.
അതായിരുന്നു അവളുടെ ഹൃദയത്തിന്റെ ഭാഷ.
വിരഹവേദനയാല്‍ വേനലില്‍ അവള്‍ വറ്റിത്തളരും,
എങ്കിലും അവള്‍ക്ക് സ്നേഹത്തിന്റെ ആര്‍ദ്രഭാവം ആയിരുന്നു.
മഴ മാറിയ പകലില്‍ മഴ വില്ല് വിരിച്ചത്,അവള്‍ക്കായ്‌,അവന്റെ പ്രണയോപഹാരമായിരുന്നു-
ഏഴു വര്‍ണ്ണങ്ങളില്‍ വാരിവിതറിയത് അവരുട്ടെ സ്വപ്‌നങ്ങളായിരുന്നു.
സ്വപ്‌നങ്ങള്‍ ചാലിച്ചെഴുതിയ നദിയുടെ മിഴികളില്‍ സായംസന്ധ്യ വര്‍ണ്ണപ്പകിട്ടേകി.
അവന്റെ പുഞ്ചിരി, അവളുടെ കണ്ണാടി മേനിയില്‍ പ്രതിഫലിച്ചിരുന്നു.
പ്രഭാതങ്ങളുടെ പ്രത്യാശ, അവളുടെ കണ്ണുകളുടെ ആഴങ്ങളില്‍ നിന്നവന്‍ വായിച്ചെടുത്തു.
നിരാശയാല്‍ കരയിലെഴുതി മായ്ക്കുന്നത് അവനായ്‌ അവളെഴുതുന്ന പ്രണയ ലേഖനങ്ങള്‍ ആയിരുന്നു.
വിരഹത്തിന്റെ രോഷം മിന്നല്‍പ്പിണരായ് അവന്‍ അവള്‍ അറിയിച്ചു.
ആ നിമിഷം,അനന്തതയുടെ അവ്യക്തതയുടെ ആഴങ്ങളിലേക്കവളുടെ മനസ്സ് പിടഞ്ഞു മറിഞ്ഞു.
കുളിര്‍തെന്നലായ്‌ അവള്‍ക്കരികില്‍ അണയുന്നത് ഭൂമിയുടെ സാന്ത്വനങ്ങളായിരുന്നു.
തെല്ലിട നോക്കാതെ അവളിന്നും ഒരു ഭ്രാന്തിയെപ്പോലെ ഒഴുകി നടക്കുന്നു.

വാനമേ നീയറിയുക.......
ഞാന്‍ ആത്മാവില്ലാതെയൊഴുകുന്ന കുമിളകളാണെന്ന്.....
അവന്റെ സ്നേഹം, സൂര്യപ്രകാശത്തിലവളെ വലയം ചെയ്യുന്നതവളറിയുന്നില്ല...

എന്നെങ്കിലും ജയിക്കുന്ന ഒന്നിന് വേണ്ടി,
പൊരുതിത്തോല്‍ക്കുവാനാണ് അവര്‍ക്കിഷ്ടം...
എന്നെങ്കിലും തോല്‍ക്കുമെന്നുറപ്പുള്ള ഒന്നിന് വേണ്ടിയല്ല 

[തുടർന്നു വായിക്കുക...]


63 യാത്ര



ഒരു മെഴുകുതിരിയായ് എരിഞ്ഞു തീരുന്നീ ജീവിതം
ഈ ജനപ്രവാഹത്തിൽ അലിഞ്ഞ്
ഒരു തുള്ളിയായി ഞാനും....
വിട പറഞ്ഞകലും പകലിൻ നെറുകിലെ
മായും സിന്ദൂരച്ചാർത്തിനെ നോക്കി
ചക്രവാളത്തെയും മറികടക്കാൻ വെമ്പും
വെണ്മുകിൽ പക്ഷിയെ പോലെ
മൌനരാഗങ്ങളും ആലപിച്ചാർദ്രമായ്
ഏകയായ് നിൽക്കുമീ ശോകാർദ്രസന്ധ്യയിൽ
എൻ മോഹച്ചിരാത് കരിന്തിരി കത്തുന്നു
വർണ്ണസ്വപ്നങ്ങൾ തൻ ചില്ലുകൂടുടഞ്ഞു പോയ്..
എന്റെയാത്മാവിൽ മുറുകുന്ന തന്ത്രികൾ
പാഴ്ശ്രുതി മാത്രം മീട്ടുന്നു പിന്നെയും..
നഷ്ടസ്വർഗ്ഗങ്ങൾ തൻ ഓർമ്മകളും പേറി
ഏകയായ് ഞാനെന്റെ യാത്ര തുടരുന്നു...
വിധി തട്ടിത്തകർത്തൊരെൻ സങ്കൽപ്പസൌധവും,
സ്മൃതികളായ് മാറുന്നു മോഹത്തിൻ സ്വർഗ്ഗവും......
................................................................

നഷ്ടസ്വപ്നങ്ങളേ നിങ്ങളോടോതുവാൻ
മൂകയാത്രാമൊഴി മാത്രം
[തുടർന്നു വായിക്കുക...]


49 മിഴിനീർപ്പൂക്കൾ



വിജനമീ വീഥിയിൽ വ്യഥകളേന്തി
വിധിയോടു പൊരുതുവാനായിടാതെ
വിധുരയായ് നിൽപ്പൂ ഞാനേകയായി
വിഹ്വലയായ്, വിധി തീർക്കും നൊമ്പരമായ്

വിരഹമെൻ മിഴിയിലൊരു നീർക്കണമായ്
സുരഭിയാം ഭൂമിയതേറ്റു വാങ്ങി
വെൺചന്ദ്രലേഖയാ നീർക്കണത്തിൽ
രജതാർദ്രകിരണങ്ങൾ തൂകി നീളെ

വിജനമാം വിരഹാദ്ര വീഥികളിൽ
വിഭ്രമചിത്തയായലയുന്നു ഞാൻ
വിഹ്വലമാം ദു:ഖത്തിൻ പ്രേയസിയായ്
മായാമരീചികയിലണയുന്നു ഞാൻ

വിധിയല്ല, ഗതകാലയോഗമല്ല; ഇതു
വിറയാർന്ന മനസ്സിന്റെ ഗതിവിലാസം
വരുകില്ല മനതാരിലൊരു നാളിലും
വിലലാപഗദ്ഗദമകലുന്ന നാൾ

വിടരില്ലൊരിക്കലും നീയെനിക്കായ്
പ്രണയത്തിൻ നിറമാർന്ന പുഷ്പമായി
വിധി തൻ കരാളഹസ്തങ്ങളാലെ
വിടരുന്നതിൻ മുമ്പിറുത്തു നിന്നെ

വിടരാതെ പോയ കിനാക്കളെ ഞാൻ
മനസ്സിന്റെ കോണിലൊളിപ്പൂവിന്നും
ഇതളായി എൻ മനം വിടരുവാനായ്
അഴകേ നീയേറെ കൊതിച്ചതല്ലേ..
[തുടർന്നു വായിക്കുക...]


Related Posts Plugin for WordPress, Blogger...
 
Return to top of page Copyright 2011 by ഋതുസഞ്ജന